Sunday, August 29, 2010

ഭീകരതയുടെ വിവിധ വര്‍ണ്ണങ്ങളും ഫാഷിസ്റ്റ് മനോഘടനയും

ഫാഷിസ്റ്റ് മനോഘടന

മതഭീകരതകളുടെയും മതനിരപേക്ഷ ഭീകരതകളുടെയും ചാലകശക്തി ഫാഷിസ്റ്റ് മനോഘടനയാണ്. മന:ശാസ്ത്രപരമായ വിശദീകരണത്തിലേക്ക് കടക്കുന്നില്ല. അതിന് സുദീര്‍ഘമായ ലേഖനം വേണ്ടിവരും. ഒരുദാഹരണം ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യാം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 1962 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥീസംഗമം സഘടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. എസ്. കെ. രാമചന്ദ്രന്‍ നായരുടെ (ഇപ്പോള്‍ എറണാകുളത്തെ അമൃത മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍) നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി എനിക്കുള്‍പ്പെടെ അമ്പതിലധികം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് മാധ്യമത്തിലൂടെ ബന്ധപ്പെടാനും അതിവേഗം ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. ആശവിനിമയത്തിന്റെ ഭാഗമായി ഞാന്‍ ഈ ബ്ലോഗിലെ “അന്‍’വാര്‍ശേരിയിലെ മ’അദനിയും ഗസ്നിയിലെ മഹ്മൂദും” എന്ന ശീര്‍ഷകത്തിലുള്ള പോസ്റ്റിന്റെ ലിങ്ക് എല്ലാ സഹപാഠികള്‍ക്കും അയച്ചു. മ’അദനിയെ ഒരു ഭീകരനായി കാണാത്തതിന്റെ പേരില്‍ എന്റെ സഹപാഠികളിലൊരാള്‍ എന്നെ Self declared Communist, Communist in the garb of communalist എന്നിങ്ങനെ ഭര്‍ത്സിച്ചു. നിറം പിടിപ്പിച്ച വാര്‍ത്തകളില്‍ പൊങ്ങുതടിയായി ഒഴുകി നടക്കുന്ന ഒരു മനസ്സിന്റെ ഉടമ എന്നേ ഞാനപ്പോള്‍ കരുതിയുള്ളു. പക്ഷേ മറ്റൊരു ഇ-മെയിലിലെ പരാമര്‍ശങ്ങള്‍ ഇദ്ദേഹത്തിന് ഒരു ഫാഷിസ്റ്റ് മനോഘടനയുണ്ടെന്ന് വ്യക്തമാക്കി. മറ്റൊരു സഹപാഠി കാശ്മീരിലെ സിഖുകാര്‍ ഇസ്ലാമിസ്റ്റുകളില്‍ നിന്നു നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള  റ്റൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയെക്കുറിച്ച് ഞങ്ങള്‍ക്കെഴുതി. വാര്‍ത്തയുടെ ലിങ്ക് : http://timesofindia.indiatimes.com/india/Embrace-Islam-or-leave-Valley-Sikhs-threatened/articleshow/6346853.cms 
ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക അല്ലെങ്കില്‍ കാശ്മീറ് താഴ്വര വിടുക എന്നാണ് ഇസ്ലാമിസ്റ്റുകള്‍ സിഖുകാര്‍ക്കയച്ച കത്തുകളില്‍ ഭീഷണി മുഴക്കിയത്. വിഘടനവാദികളും ഭീകരവാദികളുമായ ഇസ്ലാമിസ്റ്റുകളാണ് ഭീഷണി മുഴക്കിയത്. ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞ ഡോക്ടര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: The fundamental question is whether a Muslim majority state can be a part of secular India. If so, annihilate the pro Pakistan Pro independence groups, treat the others with honor and give them the maximum autonomy possible within Indian constitution. If not, let Kashmiris do what they want. Make sure the interests of Pandits in Kashmir,  and the people from Jammu and Ladakh are fully protected.  Also encourage all Muslims in India who feel India is not their motherland ( just as the Kashmiris) to leave India and go to Pakistan. THERE WILL NEVER BE ANOTHER PARTITION. (underline added)  ഈ വരികളിലൂടെ വ്യക്തിയുടെ ഫാഷിസ്റ്റ് മനോഘടന അനാവൃതമാകുന്നുണ്ട്.

മൂന്നു തരം ഭീകരതകള്‍
മൂന്നു തരത്തിലുള്ള ഭീകരതകളാണ് ഇന്ത്യയിലിപ്പോള്‍ താണ്ഡവ നടനം നടത്തിക്കൊണ്ടിരിക്കുന്നത്: ഹിന്ദുത്വ, ഇസ്ലാമിസ്റ്റ്, മാവോയിസ്റ്റ് ഭീകരതകള്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണ് ഹുന്ദുത്വ വാദികള്‍. ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികള്‍ ഇവര്‍ക്കെതിരാണ്. ഇസ്ലാമിക രാഷ്ട്രസിദ്ധാന്തം അംഗീകരിച്ചവരാണ് ഇസ്ലാമിസ്റ്റുകള്‍. ഭൂരിപക്ഷം മുസ്ലിങ്ങള്‍ ഇതിനെതിരാണ്. മാര്‍ക്സിസം-ലെനിനിസത്തില്‍ നിന്ന്  വ്യതിചലിച്ച് ഉന്മൂലന സിദ്ധാന്തം അംഗീകരിച്ചവരാണ് മാവോയിസ്റ്റുകള്‍. ഇവര്‍ കമ്യൂണിസ്റ്റുകാരല്ല.

മന്ത്രി ചിദംബരം പറഞ്ഞ സത്യം
ഹിന്ദുത്വ ഭീകരതക്കെതിരെയും ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പൊലീസ് മേധാവികള്ക്കു നല്‍കിയ നിര്ദേശം. രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒട്ടേറെ സ്ഫോടനങ്ങളില്‍ കാവി ഭീകരതക്കും പങ്കുണ്ടെന്ന് തെളിഞ്ഞതായി, ബുധനാഴ്ച  ന്യൂദല്ഹിയില്‍ ആരംഭിച്ച സംസ്ഥാന പൊലീസ് മേധാവികളുടെയും സുരക്ഷ, ഇന്‍’റ്റലിജന്‍സ് ഉദ്യോഗസ്ഥന്മാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യവെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇത് പറഞ്ഞപ്പോള്‍ മന്ത്രി ചിദംബരത്തിന്റെയും മറ്റുള്ളവരുടെയും മനസ്സില്, മുംബൈയിലെ ഇസ്ലാമിസ്റ്റ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്ക്കെര അനാവരണം ചെയ്ത ഹിന്ദുത്വ ഭീകര സംഘടനയുടെ ചെയ്തികളും തുടരന്വേഷണത്തില്‍ ബോധ്യമായ വിവരങ്ങളുമാണ് സ്വാഭാവികമായും തെളിഞ്ഞിരിക്കുക. അഭിനവ് ഭാരത്, സനാതന്‍  സന്സ്ഥ തുടങ്ങിയ കാവി  ഭീകരസേനകള്‍  കേണല്‍ പുരോഹിതിനെപ്പോലുള്ള സൈനിക ഉദ്യോഗസ്ഥരില്നിന്ന് നേരിട്ട് പരിശീലനം നേടി രാജ്യത്താകെ സ്ഫോടനപരമ്പര സൃഷ്ടിക്കുകയായിരുന്നു എന്ന് വൈകിയാണെങ്കിലും രാജ്യം മനസ്സിലാക്കി. ഹൈദരാബാദ്, മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന് നിഷ്പക്ഷതയും കാര്യക്ഷമതയുമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ അത്തരം ഭീകരാക്രമണങ്ങളുടെ പേരില്‍ കാരാഗൃഹങ്ങളില്‍ അടക്കപ്പെട്ട നൂറുകണക്കിന് നിരപരാധികളായ മുസ്ലിം യുവാക്കള്‍ ഇന്നും തടവറകളില്‍ കഴിക്കേണ്ടിവരുമായിരുന്നു.

മുത്തലിക്കും മ’അദനിയും
പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമസേന കര്‍ണാടകയുല്‍ കൂലിക്ക് വര്‍ഗീയാക്രമണങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്നുണ്ടെന്ന തെഹല്ക്ക റിപ്പോര്ട്ട് ഹിന്ദുത്വഭീകരതയുടെ മറ്റൊരു വികൃതമുഖം തുറന്നുകാട്ടി. എന്നിട്ടും അയാളുടെ പേരിലുള്ള പതിനെട്ടോളം കേസുകള്‍ പിന്വലിച്ച കര്ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്ഫോടനങ്ങളുടെ പേരില്‍ അബ്ദുന്നാസിര്‍ മ’അദനിയെ കൃത്രിമ തെളിവുകളുണ്ടാക്കി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 

ആര്‍. എസ്. എസ്. എന്ന ഭീകരസംഘടനയും സംഘ് പരിവാറും
1925 മുതല്‍ ഇന്ത്യയില്‍ ആസൂത്രിതമായി പ്രവര്ത്തിക്കുന്ന സൈനീകൃത ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ ലക്’ഷ്യവും ശൈലിയും പ്രചാരണരീതികളും ഇന്നാട്ടില്‍ ആര്ക്കും അജ്ഞാതമല്ല. അതിതീവ്ര ന്യൂനപക്ഷ വിരുദ്ധ വികാരങ്ങളുടെ ഭൂമികയില്‍ ഒട്ടേറെ സംഘടനകള്ക്കും ആര്‍.എസ്.എസ് ജന്മം നല്കിയിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ്ദള്‍ എന്നിവ സംഘ്പരിവാറിന്റെ പ്രത്യക്ഷ ഘടകങ്ങളാണെങ്കില്‍ പ്രാദേശികമായി ആയിരക്കണക്കിന് ഹിന്ദുത്വ കൂട്ടായ്മകളാണ് സജീവ രംഗത്തുള്ളത്. രാജ്യത്ത് ഇന്നേവരെ നടന്ന പതിനായിരക്കണക്കിന് വര്ഗീയ കലാപങ്ങളില്‍  സംഘടനകള്‍ക്കുള്ള പങ്ക് ഏതാണ്ടെല്ലാ അന്വേഷണ കമീഷനുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മൂന്നു തവണ ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടുവെങ്കിലും ഒരു ഫലവും അതുകൊണ്ടുണ്ടായില്ലെന്ന് മാത്രമല്ല ഓരോ തവണ നിരോധം നീക്കിയപ്പോഴും പൂര്വാധികം കരുത്തോടെ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഇന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്പ്രദേശ്, കര്ണാടക സംസ്ഥാനങ്ങള്‍ ഒറ്റക്ക് തന്നെ സംഘ്പരിവാര്‍ ഭരിക്കുമ്പോള്‍ ബിഹാറിലും പഞ്ചാബിലുമൊക്കെ അവര്‍ ഭരണത്തില്‍ പങ്കാളികളാണ്. ഇന്ത്യയുടെ മേല്‍ ഹിന്ദുത്വത്തിന്റെ പിടി ഇത്രത്തോളം മുറുകിയതിന്റെ നേര്ക്കുനേരെയുള്ള ഫലമാണ് കോണ്ഗ്രസിനെ പോലുള്ള ഒരു മതേതര പാര്ട്ടി പോലും മൃദുഹിന്ദുത്വം പയറ്റേണ്ടിവരുന്നത്. അതിന്റെ മറ്റൊരു പ്രതിഫലനമാണ് പോലീസ് സേനകളിലുള്ള ഹിന്ദുത്വ സ്വാധീനം. 2002ലെ ഗുജറാത്ത് വംശഹത്യ പൊലീസ് സേനയുടെ ഹിന്ദുത്വവത്കരണത്തിന്റെ കരാളമുഖം അനാവരണം ചെയ്തു. 1993ലെ മഹാരാഷ്ട്ര കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമീഷനും പൊലീസിലെ സംഘ് പരിവാര്‍ സ്വാധീനം വെളിപ്പെടുത്തി. പക്ഷേ, ആപത്കരമായ സ്വാധീനത്തിന് തടയിടാന്‍ ഫലപ്രദമായ ഒരു നടപടിയും മതേതര സര്ക്കാറുകളുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവാതിരുന്ന സാഹചര്യമാണ് ഇപ്പോള്‍ മന്ത്രി ചിദംബരത്തെ ഹിന്ദുത്വ ഭീകരവാദത്തിന്റെ നേര്ക്ക് വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതനാക്കിയത്.

ചിതംബരത്തിന്റെ ഗൂഢലക്’ഷ്യം
ഇന്ത്യയില്‍ 1980കള്‍ മുതല്‍ താണ്ഡവ നടനം ആടിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഭീകരതയെക്കുറിച്ച് ഇപ്പോള്‍ വിലപിക്കാനുള്ള കാരണം എന്തെന്നറിയാന്‍ സഹായകമാണ് ഓഗസ്റ്റ് 27ലെ ദേശാഭിമനിയുടെ മുഖപ്രസംഗം. അതിലെ പ്രസക്തഭാഗങ്ങള്‍:
വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കറകളഞ്ഞ ആര്‍.എസ്.എസ്.കാരനായിരുന്നു ദിഗംബര്‍ കമ്മത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അയാളെ കോണ്‍ഗ്രസ്സില്‍ ചേര്‍ത്തു; മുഖ്യമന്ത്രിസ്ഥാനത്തേക്കുയര്‍ത്തി. കലാപങ്ങളില്‍ സജീവപങ്കാളിത്തമുള്ളയാള്‍ എന്ന് അന്വേഷണക്കമ്മിഷനുകള്‍ കണ്ടെത്തിയതാണ് മഹാരാഷ്ട്രയിലെ മുന്‍ ശിവസേനാ മുഖ്യമന്ത്രി നാരായണ്‍ റാണാ. അയാളെ കോണ്‍ഗ്രസ്സ് നേതാവാക്കി. ഗുജറാത്തിലെ ബി.ജെ.പി.മുഖ്യമന്ത്രിയായിരുന്നു ശങ്കര്‍സിംഗ് വഗേല. അയാളെ പാര്‍ട്ടി മാറ്റിയെടുത്ത് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വമുഖം ആയി അവതരപ്പിച്ചു.... ഹിന്ദു വര്‍ഗ്ഗീയ ഭീകര പ്രവര്‍ത്തനങ്ങളെ ഗൌരവപൂര്‍വ്വം നേരിടാന്‍ മടിച്ച ചരിത്രമാണ് പി. ചിദംബരത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുള്ളത്. മൃദുഹിന്ദുത്വം കൊണ്ട് സംഘ് പരിവാറിനോട് മത്സരിക്കുമ്പോള്‍ ഹിന്ദു വോട്ടുകള്‍ നഷ്ടമാകാതെ നോക്കാനുള്ള തന്ത്രമായിരുന്നു അത്... ഹിന്ദു വര്‍ഗ്ഗീയതയോട്  ഈ വിധത്തില്‍ വിട്ടുവീഴ്ച ചെയ്തുപോന്ന കോണ്‍ഗ്രസ്സ്, അതിന്റെ ആഭ്യന്തര മന്ത്രി ഇന്ന് സ്വരം മാറ്റുന്നുവെങ്കില്‍ അത് രാഷ്ട്രീയ സ്വാര്‍ത്ഥതാല്പര്യം മുന് നിറുത്തിയാകാനേ വഴിയുള്ളു. ഇപ്പോഴത്തെ സ്വരം മാറ്റം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ പറ്റുമോ എന്നു നോക്കാനുള്ളതാണ്.

Wednesday, August 25, 2010

പ്രൊഫസര്‍ ജോസഫ് മുഹമ്മദ് നബിയെ നിന്ദിച്ചുവോ?

ആഗസ്റ്റ് 23ലെ (തിരുവോണദിവസം) മാധ്യമത്തില്‍ റമദാനിലെ സമുദായ സൌഹാര്‍ദ്ദ ചിന്തകള്‍ എന്ന ശീര്‍ഷകത്തില്‍ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി എഴുതി:
“കേരളത്തില്‍ രൂപപ്പെട്ട കാര്‍മേഘാവൃതമായ ഒരു പുതിയ സാമൂഹികാന്തരീക്ഷത്തിലാണ്‍ ഈ വര്‍ഷത്തെ റമദാന്‍ ചന്ദ്രിക ഉദയം ചെയ്തത്. പ്രവാചക നിന്ദ, അതിനെ തുടര്‍ന്ന്നുണ്ടായ കൈവെട്ടല്‍ സംഭവം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്ന അറസ്റ്റുകള്‍, പീഡനങ്ങള്‍ – ഇവയെല്ലാം സംഭവിച്ചതെന്തുകൊണ്ട്? മുസ്ലിം വിശ്വാസികള്‍ക്ക് കടമകളിലും ഇതര സമൂഹങ്ങളോടുള്ള സമീപനങ്ങളിലും വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടോ?“

മൌദൂദിസ്റ്റുകളുടെ പ്രചാരണം
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍  ടി ജെ ജോസഫ് പ്രവാചകനെ നിന്ദിച്ചു എന്നാണ് മൌദൂദിസ്റ്റുകളുടെ (ഇസ്ലാമിസ്റ്റുകളുടെ) പ്രചാരണം. പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ നൃശംസതയുടെ പ്രത്യയശാസ്ത്രത്തെ ഭംഗ്യന്തരേണ ന്യായീകരിക്കാന്‍ മൌദൂദിസ്റ്റുകള്‍ സ്വീകരിച്ച അടവാണിത്. ഈ അടവിനെ (tactic) തുറന്നു കാണിക്കാന്‍ പ്രൊഫസര്‍ ടി ജെ ജോസഫ് പ്രവാചകനെ നിന്ദിച്ചുവോ എന്ന് വസ്തുനിഷ്ഠമായ ഒരു അന്വേഷണം ആവശ്യമാണ്.
ചോദ്യം വന്ന വഴി
മലയാളം പ്രൊഫസറായ ടി ജെ ജോസഫ് ബി എ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പരീക്ഷയ്ക്ക് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതാണ് സംഭവത്തിന്റെ തുടക്കം. വിട്ടുകളഞ്ഞ വിരാമം, വിസര്‍ഗ്ഗം, ഉദ്ധരണി, ചോദ്യചിഹ്നം തുടങ്ങിയ അടയാളങ്ങള്‍ (punctuation marks) കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു ചോദ്യം. മുഹമ്മദ് എന്നൊരാളും പടച്ചോനും (സ്രഷ്ടാവ് God) തമ്മിലുള്ള സംഭാഷണമാണ് അടയാളങ്ങള്‍ ചേര്‍ക്കാന്‍ നല്‍കിയിരുന്നത്. പ്രസ്തുത ചോദ്യഭാഗം താഴെ കൊടുക്കുന്നു:
മുഹമ്മദ്  പടച്ചോനെ പടച്ചോനെ
പടച്ചോന്‍  എന്തടാ നായിന്റെ മോനെ
മുഹമ്മദ്  പടച്ചോനെ ഒരു അയില അത് മുറിച്ചാല്‍ എത്ര കഷണമാകും
പടച്ചോന്‍  ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ
ഈ ചോദ്യഭാഗം പ്രൊഫസര്‍ ജോസഫ് സ്വന്തം ഭാവനയില്‍ സൃഷ്ടിച്ചതാണെന്നാണ് പലരും ധരിച്ചതും മൌദൂദിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും. അത് യാഥാര്‍ത്ഥ്യമല്ല.  ഈ ചോദ്യഭാഗം സര്‍വ്വകലാശാല അംഗീകരിച്ച തിരക്കഥാരചനയുടെ രീതിശാസ്ത്രം എന്ന പാഠപുസ്തകത്തില്‍ നിന്നാണ് പ്രൊഫസര്‍ ജോസഫ് എടുത്തത്. ഈ പുസ്തകം പ്രസിദ്ധീകരിച്ചതാകട്ടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും.
സിനിമാ സംവിധായകനായ പി റ്റി കുഞ്ഞുമുഹമ്മദ് ഒരു സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തെ പുസ്തകത്തില്‍ ചേര്‍ക്കുകയുണ്ടായി. ആ പ്രബന്ധത്തിലാണ് ഈ ചോദ്യഭാഗത്തിനാധാരമായ ഭാഷണശകലമുള്ളത്. പി റ്റി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ഗര്‍ഷോം എന്ന സിനിമയില്‍ പരമാത്മാവും സത്യാന്വേഷകനും തമ്മിലുള്ള സംഭാഷണരംഗമുണ്ട്. ഈ സംഭാഷണരംഗം ആവിഷ്കരിക്കാന്‍ താന്‍ മാ‍തൃകയാക്കിയത് ചാവക്കാട് അങ്ങാടിയില്‍ അലയുന്ന ഒരു മനോരോഗി ചിലപ്പോഴൊക്കെ അല്ലാഹുവുമായി നടത്താറുള്ള സംഭാഷണമാണെന്ന് പി റ്റി കുഞ്ഞുമുഹമ്മദ് പ്രബന്ധത്തില്‍ വിവരിച്ചിട്ടുണ്ട്. മനോരോഗി ഒരു പക്ഷേ അല്ലാഹുവിന്റെ ഭാഷണം അശരീരിയായി (auditory hallucination) കേള്‍ക്കുന്നുണ്ടാകണം. ഭ്രാന്തന്‍ അല്ലാഹുവുമായി നടത്താറുള്ള സംഭാഷണം പി റ്റി കുഞ്ഞുമുഹമ്മദ് പ്രബന്ധത്തില്‍ അവതരിപ്പിച്ചത് ഇങ്ങനെയാണ്:
ഭ്രാന്തന്‍: “പടച്ചോനെ, പടച്ചോനെ“
പടച്ചോന്‍: “എന്തടാ, നായിന്റെ മോനെ?”
ഭ്രാന്തന്‍: “പടച്ചോനെ, ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാകും?”
പടച്ചോന്‍: “ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ?”
പാഠപുസ്തകത്തിലെ ഈ ഭാഗം ബി എ വിദ്യാര്‍ത്ഥികളുടെ ക്ലാസ് പരീക്ഷയുടെ ചോദ്യത്തിനായി എടുത്തപ്പോള്‍ ഭ്രാന്തന്‍ എന്നതിനു പകരം പ്രൊഫസര്‍ ജോസഫ് മുഹമ്മദ് എന്നാക്കി. അത്തരമൊരു മാറ്റത്തിനു പിന്നിലെ യുക്തി എന്തായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട്. ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായി കൊടുക്കുന്നത് ദൈവവിശ്വാസികള്‍ക്ക് അനുചിതമായി തോന്നുമെന്നു കരുതിയാണ് ഭ്രാന്തന്‍ എന്നതു മാറ്റി ഒരു പേര്‍ കൊടുക്കാമെന്ന് തീരുമാനിച്ചത്. ദൈവത്തെ പടച്ചോന്‍ എന്ന് പരാമര്‍ശിക്കാറ് മുസ്ലിങ്ങളായതിനാല്‍ ഒരു മുസ്ലിം പേര്‍ കൊടുക്കാമെന്ന് കരുതി. സര്‍വ്വസാധാരണമായ മുസ്ലിം പേരാണല്ലൊ മുഹമ്മദ്. അതുകൊണ്ടാണ് മുഹമ്മദ് എന്ന പേര്‍ കൊടുത്തത്.
മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ ശങ്ക
ബി എ ക്ലാസ്സിലെ 25 വിദ്യാര്‍ത്ഥികളാണ് ഈ ചോദ്യത്തിന് ഉത്തരമെഴുതിയത്. അതില്‍ നാലു പേരാണ് മുസ്ലിങ്ങള്‍; മൂന്നു വിദ്യാര്‍ത്ഥികളും ഒരു വിദ്യാര്‍ത്ഥിനിയും. മുസ്ലിംവിദ്യാര്‍ത്ഥിനിക്ക് പടച്ചവനും മുഹമ്മദും തമ്മിലുള്ള സംഭാഷണശകലത്തില്‍ അനൌചിത്യമുള്ളതായി തോന്നി. അല്ലാഹു ഒരു മനുഷ്യനെ “നായിന്റെ മോന്‍” എന്നു ഭര്‍ത്സിക്കുന്നത് അനൌചിത്യമാണെന്നാണ്  വിദ്യാര്‍ത്ഥിനിക്ക് തോന്നിയത്. അക്കാര്യം കുട്ടി ഉത്തരക്കടലാസില്‍ കുറിച്ചിടുകയും ചെയ്തു. പ്രസ്തുത ചോദ്യത്തിനു നാല് മാര്‍ക്കാണ് നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ത്ഥിനി ഒരു തെറ്റ് വരുത്തിയതുകൊണ്ട് നാലില്‍ മൂന്ന് മാര്‍ക്ക് കൊടുത്തു. ദൈവം മനുഷ്യനെ നായിന്റെ മോന്‍ എന്ന് ഭര്‍ത്സിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിനിയോട് പ്രൊഫസര്‍ ജോസഫ് അങ്ങനെ ഒരു ചോദ്യം തയ്യാറാക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. കുട്ടിക്ക് അത് സ്വീകാര്യമാവുകയും ചെയ്തു. മുഹമ്മദ് നബിയുടെ കാര്യം ചോദ്യം തയ്യാറാക്കിയ പ്രൊഫസറുടെ മനസ്സിലോ ചോദ്യത്തില്‍ അനൌചിത്യം കണ്ടെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ മനസ്സിലോ പൊന്തിവന്നില്ല.
ചോദ്യക്കടലാസ് ചോരുന്നു
പ്രൊഫ ജോസഫ് തയ്യാറാക്കിയ ചോദ്യക്കടലാസ് വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ നിന്ന് മൌദൂദിസത്തോട് ആഭിമുഖ്യമുള്ള ചില മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തുകയും അവരിലൂടെ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള പോപുലര്‍ ഫ്രണ്ട്കാരുടെ കൈയില്‍പ്പെടുകയും ചെയ്തു. അവര്‍ അതിനെ മതവികാരം ഉത്തേജിപ്പിക്കാനുള്ള കരുവാക്കാന്‍ ഗൂഢാലോചന നടത്തി. മുഹമ്മദും പടച്ചവനും തമ്മിലുള്ള സംഭാഷണം മുഹമ്മദ് നബിയെ നിന്ദിക്കാന്‍ ബോധപൂര്‍വ്വം തയ്യാറാക്കിയതാണെന്ന് ദുര്‍വ്യാഖ്യാനം നല്‍കി പ്രചാരണമാരംഭിച്ചു. അതോടെ ഒരു സാമുദായിക സംഘര്‍ഷത്തിനുള്ള പശ്ചാത്തലമായി. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്ലിംങ്ങളെ ഇളക്കി വിട്ട് സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചത് മൌദൂദിസ്റ്റുകളാണ്. വര്‍ഗ്ഗീയ കലാപം കുത്തിപ്പൊക്കുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്’ഷ്യം. അവര്‍ക്ക് അതില്‍ നിന്നും സംഘടനാപരമായ നേട്ടമുണ്ടാക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. അന്തരീക്ഷം കലുഷമായതോടെ പോലീസ് രംഗപ്രവേശം ചെയ്തു.
ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രൊഫസര്‍ ജോസഫിനെ തള്ളിപ്പറയുന്നു
അന്തരീക്ഷം സംഘര്‍ഷഭരിതമായതോടെ ജോസഫ് കുഴപ്പക്കാരനാണെന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രചരിപ്പിക്കാന്‍ തുടങ്ങി. മാനേജ്മെന്റ് പ്രൊഫസറെ തള്ളിപ്പറയാന്‍ രണ്ട് കാരണങ്ങളാണ്. ജോസഫ് എ.കെ.പി.സി.റ്റി. എന്ന സ്വകാര്യ കോളേജ് അധ്യാപക സംഘടനയിലെ അംഗമാണ്. ഈ അധ്യാപകസംഘടന സി.പി.ഐ[എം] ന്റെ നേതൃത്വത്തിലുള്ളതാണ്. കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള സംഘടനയിലെ അംഗമായ ജോസഫിനോട് പക പോക്കാനുള്ള അവസരമായിട്ടാണ് ക്രിസ്ത്യന്‍ മാനേജ്മെന്റ് ഈ സംഭവത്തെ ദുരുപയോഗപ്പെടുത്തിയത്. രണ്ടാമത്തെ കാരണം ജോസഫിനെ ഇരയാക്കി എറിഞ്ഞു കൊടുത്താല്‍ മൊദൂദിസ്റ്റുകളുടെ രോഷത്തില്‍ നിന്നും രക്ഷപ്പെടാ‍മെന്ന കണക്ക് കൂട്ടലായിരുന്നു.
വിദ്യാഭ്യാസമന്ത്രിയുടെ അനൌചിത്യം
വസ്തുനിഷ്ഠമായി അന്വേഷണം നടത്തിയതിനു ശേഷം മാത്രം പ്രതികരിക്കേണ്ട വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ചാടിക്കയറി പ്രൊഫ. ജോസഫ് വങ്കത്തരം കാണിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ജോസഫ് പ്രവാചകനിന്ദ നടത്തിയെന്ന് പ്രചരിപ്പിക്കാന്‍ മൊദൂദിസ്റ്റുകള്‍ക്ക് അവസരം ലഭിച്ചു. പോലീസ് ജോസഫിനെതിരെ മതസൌഹാര്‍ദ്ദം തകര്‍ത്തതിന് കേസെടുക്കയും ചെയ്തതോടെ മൌദൂദിസ്റ്റുകള്‍ക്ക് നല്ലൊരു ഇരയെ കിട്ടി. പ്രവാചകനിന്ദ നടത്തിയ ഒരാളെ എന്തു ചെയ്യണമെന്ന ഗൂഢാലോചന ആരംഭിച്ചു. പോലീസ് മര്‍ദ്ദനം ഭയന്ന് ജോസഫ് ഒളിവില്‍ പോയത് പ്രവാചക നിന്ദ ചെയ്തതിന് തെളിവായെടുത്തു മൌദൂദിസ്റ്റുകള്‍.
പോലീസിന്റെ ക്രൂരകൃത്യങ്ങള്‍
ഒളിവില്‍ പോയ ജോസഫിനെ പിടിക്കാന്‍ വിദ്യാര്‍ത്ഥിയായ മകനെയും മറ്റു ചില ബന്ധുക്കളെയും നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു. ഈ ക്രൂരകൃത്യം ചെയ്ത പോലീസ് ഉദോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചതായി ഇതുവരെ അറിവില്ല. കമ്യൂണിസ്റ്റായതിന്റെ പേരില്‍ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്ന കോടിയേരി ബാലകൃഷ്ണന്‍ അഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ നടക്കുന്നതും അക്രമികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗണ്മെന്റിന് ഭൂഷണമല്ല.  അതു പോലെ തന്നെ മൌദൂദിസ്റ്റുകളുടെ ഗൂഢാലോചന മണത്തറിഞ്ഞ് പൊഫസര്‍ ജോസഫിനും കുടുംബത്തിനും സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെത്തിരെ  നടപടിയെടുക്കാത്തതും അഭ്യന്തര വകുപ്പിന്റെ വീഴ്ച തന്നെയാണ്.
ഇസ്ലാമിക കോടതി ശിക്ഷ വിധിക്കുന്നു
കേരളത്തില്‍ ഇസ്ലാമിക കോടതി പ്രവര്‍ത്തിക്കുന്ന കാര്യം ഇന്ന് അത്ര രഹസ്യമൊന്നുമല്ല. പോപുലര്‍ ഫ്രണ്ട് എന്ന ഭീകരസംഘടന ഇന്ത്യയിലെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമിക നിയമവ്യവസ്ഥ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തുറന്നു പറയുകയുണ്ടായി. പ്രവാചകനെ നിന്ദിക്കുന്നവര്‍ ഇസ്ലാമിക നിയമത്തില്‍ വധശിക്ഷയ്ക്ക് അര്‍ഹരാണ്. ഇതനുസരിച്ചാണ് അയാത്തുല്ല ഖൊമേനി സല്‍മാന്‍ റശ്ദിക്ക് Satanic Verses എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ വധശിക്ഷ വിധിച്ചത്. മുര്‍ത്തദ്ദുകള്‍ക്ക് വധശിക്ഷ നല്കണമെന്നാണ് മൌദൂദി രചിച്ച മുര്‍ത്തദ്ദ് കി സാസ ഇസ്ലാം കി കാനൂന്‍ മെയിം (മുര്‍ത്തദ്ദ്കള്‍ക്കുള്ള ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന    ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.
ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി
ഇസ്ലാമികഭരണം നിലവിലില്ലാത്ത സാഹചര്യത്തില്‍ ശിക്ഷ ലഘൂകരിച്ച് പ്രവാചക നിന്ദയുള്ള ചോദ്യം തയാറിക്കിയ വലതു കൈപ്പത്തി വെട്ടിക്കളഞ്ഞാല്‍ മതിയെന്ന് കേരളത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക കോടതി (ദാറുല്‍ ഖദാ) വിധിക്കുകയാണ്‍ ചെയ്തത്. House of Justice എന്നതിന്റെ അറബിഭാഷാ രൂപമാണ് ദാറുല്‍ ഖദാ. കേരളത്തില്‍ എന്‍. ഡി. എഫ്. എന്ന ഭീകര സംഘടന രൂപവത്കരിച്ചതിനു ശേഷം 25 യുവാക്കളെ കൊന്നിട്ടുണ്ട്. എല്ലാം അനിസ്ലാമികമായ നടപടികളുടെ പേരിലാണ്. മന്ത്രവാദവും കൂട്ടത്തില്‍ ചികിത്സയും നടത്തിയിരുന്ന ഒരു മുസ്ലിം സിദ്ധനെ വധിച്ചത് മന്ത്രവാദം അനിസ്ലാമികമാണെന്ന കാരണത്താ‍ലായിരുന്നു. ഈ വധങ്ങളെല്ലാം എന്‍. ഡി. എഫ്. നടത്തിയത് ദാറുല്‍ ഖദാ എന്ന ഇസ്ലാമിക കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതിനെക്കുറിച്ചെല്ലാം ആധികാരികമായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇസ്ലാമികമായ നീതിനിര്‍വ്വണം കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്ന വിവരം ജനങ്ങള്‍ക്ക് നല്‍കിയത്.
നൃശംസതയുടെ പ്രത്യയശാസ്ത്രം
പ്രൊഫസറുടെ കൈപ്പത്തിവെട്ടിയത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നും തങ്ങള്‍ നല്ല പിള്ളകളാണെന്നുമാണ്‍ ജമാ’അത്തെ ഇസ്ലാമിയും പരിവാരങ്ങളും പറഞ്ഞു നടക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മൌദൂദിസ്റ്റുകള്‍ പൊതുയോഗങ്ങളും സംഘടിക്കുന്നുണ്ട്. സി. ദാവൂദിന്റെ ഭീകരവാദ വിരുദ്ധ പ്രസംഗം കേള്‍ക്കാന്‍: http://bombaymalayalihalqa.blogspot.com/
അധ്യാ‍പകന്റെ കൈപ്പത്തി വെട്ടിയ സംഭവത്തിനു പിന്നിലെ പ്രത്യയശാസ്ത്രം മൌദൂദിസമാണെന്ന കാര്യം മറച്ചുപിടിക്കാന്‍ അവര്‍ പാട് പെടുകയാണ്. അതുകൊണ്ട്, മൌലാന മൌദൂദിയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചു ചേര്‍ത്ത് ഇത് അവസാനിപ്പിക്കാം.
“മുസ്ലിംകളുടെ സാക്ഷാല്‍ ലക്’ഷ്യം ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ സംസ്ഥാപനമാണെന്ന വിഭാവനം 1926-ല്‍ അല്‍ജിഹാദുല്‍ ഇസ്ലാം എന്ന പുസ്തകം എഴുതിയതുമുതല്‍ തന്നെ എന്റെ ഹൃദയത്തില്‍ രൂഢമൂലമായിരുന്നതായി ഞാന്‍ ആദ്യം പറഞ്ഞിട്ടുണ്ട്. അവരുടെ ലക്’ഷ്യം ഒരു മുസ്ലിം ദേശീയ ഗവണ്മെന്റ് സ്ഥാപിക്കുകയല്ല; ലോകത്ത് അല്ലാഹുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ സ്ഥാപിക്കുകയാണ്. അതിന്റെ സംസ്കാരവും സാമൂഹിക വ്യവസ്ഥയും സാമ്പത്തിക പരിപാടിയും സദാചാരവും കോടതിയും പോലീസും പട്ടാളവും നിയമങ്ങളും നയതന്ത്രരംഗവുമെല്ലാം ലോകത്തിന്റെ മുമ്പാകെ ഇസ്ലാമിന്റെ യഥാര്‍ത്ഥ മാതൃക പ്രദര്‍ശിപ്പിക്കുന്നതായിരിക്കണം. അതു കണ്ടാല്‍ ഇസ്ലാമും കുഫറും തമ്മിലുള്ള അന്തരമെന്തെന്നും ഇസ്ലാം എല്ലാ വിധത്തിലും എത്രത്തോളം ഉയര്‍ന്നിരിക്കുന്നുവെന്നും ലോകത്തിന് മനസ്സിലാക്കാന്‍ കഴിയണം. ഇത് തന്നെയാണ് ജമാ’അത്തെ ഇസ്ലാമിയും ലക്’ഷ്യമായംഗീകരിച്ചത്. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിന് ഇഖാമത്തുദ്ദീന്‍ എന്നു പറയുന്നു. ‘നിങ്ങള്‍ ദീന്‍ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കരുത്‘ എന്ന് ഖുര്‍’ആന്‍ അരുളിയിട്ടുണ്ട്.“ (ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ – മൌദൂദി)
ജമാ’അത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ബാധ്യത
കൈപ്പത്തി വെട്ടിയത് പോപ്പുലര്‍ ഫ്രണ്ട്കാരാണെന്നും തങ്ങള്‍ക്കതില്‍ ബാധ്യതയൊന്നുമില്ലെന്നാണ് ജമാ’അത്തിന്റെയും ലീഗിന്റെയും നാട്യം. മൌദൂദിസ്റ്റ് പ്രത്യയശാസ്ത്രം അംഗീകരിച്ചവരാണ് ജമാ’അത്ത്കാര്‍.  ദൈവത്തിന്റെ ഭരണം (ഹുക്കുമത്തെ ഇലാഹി) സ്ഥാപിക്കലാണ് ഇസ്ലാമിന്റെ അന്തിമ ലക്’ഷ്യം എന്ന് മൌദൂ‍ദി പറഞ്ഞിട്ടുണ്ട്. അതിലേക്കെത്തുന്നതിനു മുമ്പ് മ്സുലിംകള്‍ എവിടെയൊക്കെ അധിവസിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം ഇസ്ലാംമതവ്യവസ്ഥ സംസ്ഥാപിക്കണം. മതവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് ഇസ്ലാമിക നിയമങ്ങള്‍ (ശരീഅത്ത്). ശരീഅത്ത് അനുസരിച്ച് പ്രവാചകനെ നിന്ദിച്ചാല്‍ വധശിക്ഷ നല്‍കണം. ദൈവികഭരണം (ഹുക്കുമത്തെ ഇലാഹി) നിലവില്‍ വരാത്ത കേരളത്തില്‍ പ്രവാചക നിന്ദ നടത്തിയ ആളുടെ വധശിക്ഷ ലഘൂകരിച്ച് നടപ്പാക്കിയതായിരുന്നു കൈപ്പത്തി വെട്ടല്‍. പോപ്പുലര്‍ ഫ്രണ്ട്കാരുടെ ചെയ്തികള്‍ക്ക് ജമാ’അത്ത് നേരിട്ട് ഉത്തരവാദികളാണെന്ന് പറയാനവില്ല. പക്ഷേ അവര്‍ക്ക് ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്ന് ഒഴിഞ്ഞ് മാറാനാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍. ഡി. എഫിനെ സ്വന്തം ചിറകിനടിയില്‍ സംരക്ഷിച്ച് വളര്‍ത്തിയത് മുസ്ലിം ലീഗാണ്. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ കലകളില്‍ കലരുന്നത് പോലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കാഡര്‍മാര്‍ ലീഗിന്റെ സംരക്ഷണയില്‍ ഇപ്പോഴും കഴിയുകയാണ്. കൈപ്പത്തി വെട്ടിയ സംഭവത്തില്‍ മുസ്ലിം ലീഗിനും ബദല്‍ ബാധ്യതയുണ്ട്.