Sunday, July 20, 2014

അരുന്ധതിയെ ശിക്ഷിക്കണോ?

ഗാന്ധി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ല എന്ന് പറഞ്ഞതിന്‍റെ പേരില്‍ അരുന്ധതി റോയിക്കെതിരെ നടപടി എടുക്കണം എന്നാണു മുന്‍ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവും ആയ ഗുലാം നബി ആസാദ് മാധ്യമങ്ങളിലൂടെ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത്. നടപടി എടുക്കണം എന്നാല്‍ അരുന്ധതിയെ ശിക്ഷിക്കണം എന്നാണല്ലോ. എന്ത് ശിക്ഷ എന്ന് നബി പറഞ്ഞില്ല. ഇന്ത്യയും ലോകവും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രപിതാവിനെ ജാതിവാദി (casteist) എന്ന് വിളിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നാണ് ഗുലാം നബി പറയുന്നത്. ഗുലാം നബിയോളം പോരാത്ത ചിലര്‍ ആക്ഷേപിക്കുന്നത് അരുന്ധതി രണ്ടാം ഗാന്ധി വധം നടത്തി എന്നാണു. അത് പ്രശസ്തിക്കു വേണ്ടി ആയിരുന്നത്രേ! ഗാന്ധിജിയുടെ ലേഖനങ്ങളെ ഉദ്ധരിച്ചാണ് അരുന്ധതി ഗാന്ധിജിയെ വിമര്‍ശിച്ചത്.[പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടതാണ്]
ഗാന്ധി ഭഗവത് ഗീതയെ മുറുകെ പിടിച്ചിരുന്ന ഒരു സനാതന ഹിന്ദു ആയിരുന്നു. "ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം" എന്ന് ഭഗവാന്‍ പറഞ്ഞതിനെ നിഷേധിക്കാന്‍ ഗാന്ധിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ജാതി വ്യവസ്ഥയെ എതിര്‍ത്തതും ഇല്ല. പക്ഷെ ജാതിവ്യവസ്ഥയില്‍ അധമജാതിക്കാര്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഡനങ്ങളില്‍ ഗാന്ധി വേദനിച്ചു എന്നുള്ളത് സത്യമാണ്. ഗാന്ധി ജാതിവ്യവസ്ഥയെ എതിര്‍ത്തില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം കൂടി അരുന്ധതി റോയ് പറയേണ്ടതായിരുന്നു എന്ന അഭിപ്രായം ആണ് എനിക്ക്. ഹിന്ദുത്വ ഫാസിസം അധികാരത്തില്‍ എത്തി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മതനിരപേക്ഷവാദികള്‍ക്ക് ഗാന്ധിജിയെ ആവശ്യം ഉണ്ട്; ഗാന്ധിതത്വങ്ങളും ആവശ്യം ഉണ്ട്. പക്ഷെ ഗാന്ധിയെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കണം എന്ന് പറയുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സിന്റെ സ്വേച്ചാധിപത്യപ്രവണതയെ നഗ്നമാക്കുന്നുണ്ട്.

No comments: